ചെത്തിപ്പുഴ ഇടവകയുടെ കീഴിൽ 7, 8, 9, 10 വാർഡുകളിലെ കുടുംബങ്ങളുടെ ആത്മീയ കേന്ദ്രമായി കൂനന്താനം ചാപ്പലിന്റെ വെഞ്ചരിപ്പു കർമ്മം 1978 മെയ് 1-ന് തൊഴിലാളി മദ്ധ്യസ്ഥനായ വിശുദ്ധ യൌസേപ്പു പിതാവിന്റെ തിരുനാളിൽ നടത്തപ്പെട്ടു. ആദ്യ കാലഘട്ടത്തിൽ മാതാവിന്റെയും, വിശുദ്ധ യൌസേപ്പു പിതാവിന്റെയും, വിശുദ്ധ സെബാസ്ത്യാനോസിന്റെയും, തിരുനാളുകളോടനുബന്ധിച്ച് പ്രത്യേക അനുവാദത്തോടെയാണ് വിശുദ്ധ കുർബാന അർപ്പിച്ചിരുന്നത്. പിന്നീട് മാസം തോറും ഓരോ കുർബാന അർപ്പിക്കുവാനുള്ള അനുവാദം ലഭിച്ചു. ബഹുമാനപ്പെട്ട ജോസഫ് മുട്ടത്തച്ചന്റെ ശ്രമഫലമായി എല്ലാ ഞായറാഴ്ചകളിലും, കടമുള്ള ദിവസങ്ങളിലും ദിവ്യബലി അർപ്പിക്കുവാനുള്ള അനുവാദം ലഭിച്ചു. ഞായറാഴ്ചകളിൽ രാവിലെ 7 മണിക്ക് വിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്നു. 2003-2004 വർഷത്തിൽ 1 മുതൽ 3 വരെയുള്ള കുട്ടികൾക്ക് സൺഡേ ക്ലാസ്സുകൾ ആരംഭിച്ചു. പ്രാദേശികമായി രൂപീകരിക്കപ്പെടുന്ന കമ്മറ്റി ചാപ്പലിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു.
2023 ഫെബ്രുവരി മുതൽ എല്ലാ ദിവസവും വിശുദ്ധകുർബാനയർപ്പിച്ചുവരുന്നു. 2023 ജൂലൈ 16-ാം തീയതി വികാരിയച്ചന്റെ നേതൃത്വത്തിൽ ചേർന്ന കൂനന്താനം ചാപ്പൽ കമ്മറ്റി മീറ്റിംഗിൽ ചാപ്പൽ പുതുക്കി പണിയുകയും, ചൊവ്വാഴ്ചകളിൽ 1 മണിക്കൂർ ദിവ്യകാരുണ്യആരാധന നടത്തിവരുകയും, ചാപ്പലലിലെ ശുശ്രൂഷയ്ക്കുവേണ്ടി ദൈവാലയശുശ്രൂഷിയെ നിയമിക്കാനും തീരുമാനിച്ചു. കൂടാതെ 13, 14 വാർഡുകളിൽനിന്നുംകൂടി ചേർത്ത് കമ്മറ്റിയംഗങ്ങളെ തെരഞ്ഞെടുത്തു. ഇപ്പോൾ സൺഡേസ്കൂൾ 1 മുതൽ 4 വരെയുള്ള ക്ലാസ്സുകൾ നടത്തപ്പെടുന്നു.